Sunday, 17 June 2018 16:30

മെല്‍ബണില്‍ 10,000ത്തോളം പേരെ നിരത്തി ജൂലൈ 9ന് നഗ്ന ഫോട്ടോ ഷൂട്ട്

മെൽബൺ: നഗ്നരായ നിരവധി പേരെ ഒരുമിച്ച് നിരത്തി നിര്‍ത്തി ഫോട്ടോഷൂട്ട് നടത്താന്‍ ലോകപ്രശസ്ത ന്യൂഡ് ഫോട്ടോഗ്രാഫര്‍ സ്‌പെന്‍സര്‍ ടുണിക്കിന് തങ്ങളുടെ ഒരു കാര്‍പാര്‍ക്ക് വിട്ട് കൊടുക്കാന്‍ മെല്‍ബണ്‍ സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ വൂള്‍വര്‍ത്ത്‌സ് സമ്മതിച്ചു. ഇതിന് മുമ്പ് വൂള്‍വര്‍ത്ത് ഇതിന് അനുമതി നിഷേധിച്ചിരുന്നു. മെല്‍ബണിലെ ആയിരക്കണക്കിന് പേരെ നഗ്നരാക്കി നിരത്തി നിര്‍ത്തി ഫോട്ടോഷൂട്ട് നടത്താനാണ് ടുണിക്ക് പദ്ധതിയിട്ടിരിക്കുന്നത്.

ഇന്നര്‍ സിറ്റി മെല്‍ബണിലെ ചാപെല്‍ സ്ട്രീറ്റിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് പ്രാഹ്‌റാന്‍ സ്റ്റോറിന്റെ മുകള്‍ത്തട്ടിലുള്ള കാര്‍പാര്‍ക്കിലാണ് നഗ്ന ഫോട്ടോഷൂട്ട് നടത്തുന്നത്. ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടൂണിക്ക് പൊതു സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടത്തെ നിരത്തി നിര്‍ത്തി നഗ്നഫോട്ടോ ഷൂട്ട് നടത്തുന്നതില്‍ പ്രശസ്തനാണ്. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ അദ്ദേഹം ഇത്തരം ഫോട്ടോഷൂട്ടുകള്‍ നടത്തിയിരുന്നു. അതായത് നിരവധി ഹ്യൂമന്‍ ഇന്‍സ്റ്റലേഷനുകളിലൂടെ ടുണിക്ക് പേരെടുത്തിട്ടുണ്ട്. 2010ല്‍ സിഡിനിയിലെ ഒപേറ ഹൗസില്‍ അദ്ദേഹം ഇതു പോലുള്ള ഫോട്ടോഷൂട്ട് നടത്തിയിരുന്നു.

വരാനിരിക്കുന്ന മെല്‍ബണ്‍ വിന്റര്‍ ആര്‍ട്‌സ് പ്രൊജക്ടിന്റെ ഭാഗമായി ഈ ഫോട്ടോഷൂട്ട് നടത്താന്‍ ലോക്കല്‍ ബിസിനസ് ഗ്രൂപ്പ് ടുണിക്കിനെ ക്ഷണിക്കുകയായിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ നിലവില്‍ 10,000 പേര്‍ കരാറില്‍ ഒപ്പിട്ടുവെന്നാണ് റിപ്പോര്‍ട്ട്. തിരക്കേറിയ വീക്കെന്‍ഡ് കാലത്ത് ഇത്തരമൊരു ഫോട്ടോ ഷൂട്ട് നടത്തിയാല്‍ അത് കസ്റ്റമര്‍മാര്‍ വരുന്നതിനെ ബാധിക്കുമെന്ന് പേടിച്ചായിരുന്നു വൂള്‍ വര്‍ത്ത് തുടക്കത്തില്‍ അനുമതി നിഷേധിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച രാവിലേക്ക് ഫോട്ടോഷൂട്ട് മാറ്റാന്‍ സംഘാടകര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് വുള്‍ വര്‍ത്ത് അനുമതി നല്‍കുകയായിരുന്നു. നിലവില്‍ ജൂലൈ 9ന് ഫോട്ടോ ഷൂട്ട് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.