Thursday, 21 December 2017 12:13

മെല്‍ബണില്‍ ആളുകള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി; നിരവധി പേര്‍ക്ക് പരുക്ക്‌, ബോധപൂർവമുള്ള ആക്രമണമെന്ന് പൊലീസ്

മെൽബൺ: മെല്‍ബണന്‍ നഗരമധ്യത്തിലെ തിരക്കേറിയ ഫ്‌ളിന്റേഴ്‌സ് സ്ട്രീറ്റില്‍ കാര്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി. നിരവധി പേര്‍ക്ക് പരുക്കേറ്റു.

എലിസബത്ത് സ്ട്രീറ്‌റിനും സ്വാന്‍സ്റ്റന്‍ സ്ട്രീറ്റിനും ഇടയിലായിട്ടാണ് സംഭവമുണ്ടായത്. പരുക്കുകളുമായി 14 പേരെ ആശുപത്രിയിലേക്ക് കൊണ്ടുപായതായി പൊലീസ് അറിയിച്ചു. പരുക്കേറ്റതിൽ പലരുടെയും നില ഗുരുതരമാണെന്ന് പൊലീസ് സൂചിപ്പിച്ചു

ആശുപത്രിയിലേക്ക്‌ കൊണ്ടുപയോതില്‍ ഒരു പ്രീ സ്‌കൂള്‍ പ്രായത്തിലുള്ള ഒരു കുട്ടിയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തലയ്ക്കു സാരമായി പരുക്കേറ്റ ഈ കുട്ടിയെ റോയൽസ് ചിൽഡ്രൻസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

സുസുക്കി ഫോർ വീൽ ഡ്രൈവ് വാഹനമാണ് അതിവേഗതയിൽ വന്ന് ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കാറിടിച്ചുകയറ്റിയ സംഭവം ബോധപൂർവം നടത്തിയ ആക്രമണമാണെന്ന് പൊലീസ് സൂചിപ്പിച്ചു. എന്നാൽ എന്താണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമായിട്ടില്ല. ആക്രമണത്തിൽ തീവ്രവാദ ബന്ധമെന്തെങ്കിലും ഉണ്ടോ എന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല. രണ്ടു പേരെ ഇതിനകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാറിന്റെ ഡ്രൈവറെയും മറ്റൊരാളെയുമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം മെൽബണിലെ ബർക് സ്ട്രീറ്റിൽ ഇത്തരത്തിൽ കാർ ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറി നിരവധി പേർ മരിച്ചിരുന്നു. എന്ന അതുമായി എന്തെങ്കിലും ബന്ധമോ സാമ്യമോ ഈ സംഭവത്തിന് ഉണ്ടോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.