Thursday, 07 December 2017 09:45

ഭാര്യയെയും മകളെയും നിര്‍ബന്ധിച്ച് ഇന്ത്യയിലേക്കയച്ചു: യുവാവിനെതിരെ മനുഷ്യക്കടത്തിന് കേസ്

മെല്‍ബണ്‍: ഇന്ത്യന്‍ വംശജനായ പര്‍ദീപ് ലോഹന്‍ ഭാര്യയേയും രണ്ടര മാസം പ്രായമായ കുഞ്ഞിനെയും സിഡ്‌നിയില്‍ നിന്നും ഇന്ത്യയിലേക്ക് നിര്‍ബന്ധിച്ച് അയച്ചതിനു ഇയാള്‍ക്കെതിരെ ഫെഡറല്‍ പോലീസ് മനുഷ്യക്കടത്തിനു കേസെടുത്തു.

2017 മാര്‍ച്ചില്‍ സിഡ്‌നിയുടെ പടിഞ്ഞാറന്‍ പ്രദേശമായ ലിഡ്‌കോംബിലുള്ള 27 കാരനായ പര്‍ദീപ് ലോഹന്‍ ഭാര്യയേയും രണ്ടര മാസം പ്രായമായ മകളെയും നിര്‍ബന്ധപൂര്‍വം ഇന്ത്യയിലേക്ക് അയച്ചു എന്നാണ് ഫെഡറല്‍ പോലീസ് ആരോപണം. ഇതിനെതിരെയാണ് പര്‍ദീപിനെതിരെ ഫെഡറല്‍ പോലീസ് മനുഷ്യക്കടത്തിന് കേസ് എടുത്തിരിക്കുന്നത്.

ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. കേസിന്റെ തുടര്‍നടപടികള്‍ക്കായി ഡിസംബര്‍ 19 ന് കോടതി വീണ്ടും ചേരും. പര്‍ദീപ് ഭീഷണിപ്പെടുത്തിയും വഞ്ചിച്ചും ആണ് ഭാര്യയേയും കുഞ്ഞിനേയും ഇവരുടെ സമ്മതമില്ലാതെ രാജ്യത്തു നിന്നും അയച്ചതെന്ന് ഫെഡറല്‍ പോലീസ് ആരോപിക്കുന്നു.

പര്‍ദീപിന്‍െ ഭാര്യ ഇന്ത്യയില്‍ ജനിച്ചതാണ്. എന്നാല്‍ മകള്‍ ഓസ്‌ട്രേലിയന്‍ പൗരയാണ്. ഭാര്യയുടെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട് തെറ്റായതും തെറ്റിദ്ധാരണാജനകമായതുമായ വിവരങ്ങള്‍ ഇയാള്‍ കുടിയേറ്റ കാര്യ വകുപ്പിന് നല്‍കിയെന്നും ആരോപണമുണ്ട്. ഇതിനെതിരെയും പ്രദീപിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയുടെ വിസയും കുട്ടിയുടെ പാസ്‌പോര്‍ട്ടും റദ്ദാക്കാനും ഇയാള്‍ കുടിയേറ്റ കാര്യ വകുപ്പിനെ ബന്ധപ്പെട്ടിരുന്നുവെന്നും ഭാര്യയും കുഞ്ഞും ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു വരാതിരിക്കാനാണ് ഇങ്ങനെ ഒരു നടപടി ഇയാള്‍ കൈക്കൊണ്ടതെതെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഇന്ത്യയില്‍ നിന്നും ഇവര്‍ രണ്ടു പേരും ഇപ്പോള്‍ തിരികെ ഓസ്‌ട്രേലിയയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന്റെ കീഴിലുള്ള സപ്പോര്‍ട്ട് ഫോര്‍ ട്രാഫിക്ഡ് പീപ്പിള്‍ പരിപാടിയുടെ സംരക്ഷണയിലാണ് ഇവര്‍ ഇപ്പോള്‍. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് ഹ്യൂമന്‍ ട്രാഫിക്കിങ് ടീമിലെ ഡിറ്റക്ടീവ്‌സിന്റെ നോട്ടപ്പുള്ളിയായിരുന്നു പര്‍ദീപ്. അതിനു പിന്നാലെ എന്‍ജിഒ ആയ ആന്റി സ്ലേവറി ഓസ്‌ട്രേലിയയും ഇയാളെക്കുറിച്ച് എഎഫ്പിക്കു വിവരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇയാളുടെ ഉദ്ദേശമെന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഡിറ്റക്റ്റീവ് സപ് ഇവാന്‍സ് പറഞ്ഞു.

12 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മനുഷ്യക്കടത്ത്. കൂടാതെ വിശ്വാസ വഞ്ചനക്കും തെറ്റായ രേഖകള്‍ ഉപയോഗിച്ചതിനും ഇയാള്‍ക്ക് യഥാക്രമം പത്തും അഞ്ചും വര്‍ഷങ്ങള്‍ വരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.