ട്വിറ്ററില്‍, സ്ലീവ് ലെസ്സ് വസ്ത്രം ധരിച്ച ചിത്രങ്ങള്‍; കാരണം ഇതാണ്

December 06, 2018

മെൽബൺ: കുറച്ച് ദിവസങ്ങളായി ട്വിറ്ററില്‍ ഓസ്ട്രേലിയയിലെ സ്ത്രീകള്‍ കുറഞ്ഞ കൈയുള്ള വസ്ത്രങ്ങള്‍ ധരിച്ചും, സ്ലീവ് ലെസ്സ് വസ്ത്രങ്ങള്‍ ധരിച്ചുമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്.

ഓസ്ട്രേലിയയിലെ പാര്‍ലിമെന്‍റില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു മാധ്യമപ്രവര്‍ത്തകയോടുള്ള ഐക്യദാര്‍ഢ്യമായിട്ടാണ് ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. 'എബിസി റേഡിയോ നാഷണല്‍' അവതാരിക പട്രീഷ്യ കാവലസ് ആണ് ശരീരം അധികം കാണിച്ചുവെന്ന് കാരണം പറഞ്ഞ് പാര്‍ലിമെന്‍റില്‍ നിന്ന് പുറത്താക്കപ്പെട്ടത്. പാര്‍ലിമെന്‍റിലെ ചോദ്യോത്തരവേളയിലാണ് പട്രീഷ്യ പുറത്താക്കപ്പെട്ടത്.

ചെറിയ സ്ലീവ് മാത്രമുള്ള വസ്ത്രമാണ് പട്രീഷ്യ അപ്പോള്‍ ധരിച്ചിരുന്നത്. അതിന്‍റെ ചിത്രവും പട്രീഷ്യ ട്വിറ്ററില്‍ ഇട്ടു. ചോദ്യോത്തരവേളയില്‍, ശരീരം കൂടുതല്‍ പുറത്തു കാണിച്ചുവെന്ന് ആരോപിച്ച് തന്നെ പുറത്താക്കി എന്നാണ് പട്രീഷ്യ ട്വിറ്ററില്‍ കുറിച്ചത്.

എബിസി ന്യൂസിനോട് കാര്യങ്ങള്‍ വിശദീകരിക്കവേ, ഒരു അറ്റന്‍ഡന്‍റ് തന്‍റെ അടുത്തെത്തി വസ്ത്രം ചെറുതാണെന്നും തോള്‍ കാണുന്നുവെന്നും പറഞ്ഞ് പുറത്ത് കടക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പട്രീഷ്യ പറഞ്ഞു.

ഓസ്ട്രേലിയന്‍ പാര്‍ലിമെന്‍റ് പറയുന്നതനുസരിച്ച് ഒരാളുടെ വസ്ത്രം അയാളെ തന്നെ മനസിലാക്കുന്നതിന് കാരണമാകും. സ്പീക്കര്‍ക്കാണ് തീരുമാനമെടുക്കാനുള്ള അധികാരം. മാന്യമായ വസ്ത്രം നല്ല പാന്‍റ്, ജാക്കറ്റ്, കോളറുള്ള വസ്ത്രം എന്നിവയൊക്കെയാണ്. സ്ത്രീകളും അതുപോലെയുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കണം എന്നാണ് പറയുന്നത്.

'അതൊരു പ്രൊഫഷണല്‍ പാന്‍റ് സ്യൂട്ട് ആണ്. പക്ഷെ, അവര്‍ പറഞ്ഞത്, അത് ശരിയായ വസ്ത്രമല്ല അതുകൊണ്ട് പുറത്തുപോകണം എന്നാണ്. അതുകൊണ്ടാണ് ചോദ്യോത്തരവേളയില്‍ ഞാന്‍ പുറത്തു വരേണ്ടി വന്നത്' എന്ന് പട്രീഷ്യ പറയുന്നു.

വളരെ പെട്ടെന്ന് തന്നെ പട്രീഷ്യയുടെ ട്വീറ്റ് വൈറലായി. നിരവധി പേരാണ് അത് റീട്വീറ്റ് ചെയ്തത്. പലരും സ്ലീവ് കുറഞ്ഞ വസ്ത്രം ധരിച്ച ചിത്രവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

മാത്രവുമല്ല, എം.പിയായ ജൂലി ബിഷപ്പിന്‍റെ വസ്ത്രവുമായി പലരും ഇതിനെ താരതമ്യം ചെയ്യുകയും ചെയ്തു. പാര്‍ലിമെന്‍ററി സെഷന്‍സില്‍ പലപ്പോഴും ചെറിയ സ്ലീവ് മാത്രമുള്ളതോ, സ്ലീവ് ലെസ്സ് വസ്ത്രമോ ധരിച്ചാണ് ജൂലി വന്നിരുന്നത്.

ഏതായാലും, പട്രീഷ്യയുടേയും തുടര്‍ന്ന് വന്നതുമായ ട്വീറ്റുകളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം സ്പീക്കറോട് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com