Friday, 29 December 2017 13:25

കാഷ്വല്‍ വര്‍ക്കര്‍മാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കം ശക്തമാക്കുമെന്ന് യൂണിയനുകള്‍

മെൽബൺ: ഓസ്‌ട്രേലിയയില്‍ ദീര്‍ഘകാലമായി കാഷ്വല്‍ വര്‍ക്കര്‍മാരായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യത്തെ നിരസിച്ച് കൊണ്ട് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഇന്റസ്ട്രി ബോഡി രംഗത്തെത്തിയ നടപടിക്കെതിരെ ശക്തമായി പോരാടുമെന്ന് വ്യക്തമാക്കി യൂണിയനുകള്‍ രംഗത്തെത്തി. ദീര്‍ഘകാലമായി കാഷ്വല്‍ വര്‍ക്കര്‍മാരായി ജോലിചെയ്യുന്നവരെ ഓട്ടോമാറ്റിക്കായി സ്ഥിരം ജീവനക്കാരാക്കണമെന്നാണ് യൂണിയനുകളുടെ കൂട്ടായ്മയായ ദി ഓസ്‌ട്രേലിയന്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (എസിടിയു) ആവശ്യപ്പെടുന്നത്.

ഇതിനായി ഫെയര്‍ വര്‍ക്ക് ആക്ടില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന തങ്ങളുടെ ആവശ്യത്തെ പിന്തുണക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുമെന്നും യൂണിയനുകള്‍ ഈ ആഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്.ഇത്തരത്തിലൊരു മാറ്റം നിലവില്‍ വന്നാല്‍ കാഷ്വല്‍ വര്‍ക്കിന് പുതിയൊരു നിര്‍വചനമായിരിക്കും നിലവില്‍ വരുന്നത്. ഇതോടെ റെഗുലര്‍ ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരുടെ ജോലിക്ക് സ്ഥിരത വരുമെന്ന പ്രതീക്ഷയും ശക്തമാകും. എന്നാല്‍ കാഷ്വല്‍ ജോലികള്‍ക്ക് മേല്‍ ഇത്തരത്തില്‍ വരുത്തുന്ന നിയന്ത്രണങ്ങള്‍ ഓസ്‌ട്രേലിയന്‍ റീട്ടെയിലര്‍മാരുടെ പ്രവര്‍ത്തനത്തിന് കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നാണ് ഓസ്‌ട്രേലിയന്‍ റീട്ടെയിലേര്‍സ് അസോസിയേഷന്‍ (എആര്‍എ) പ്രതികരിച്ചിരിക്കുന്നത്.

ക്രിസ്മസ് പോലുള്ള ആഘോഷ വേളകളില്‍ പതിവിലധികം കസ്റ്റമര്‍മാര്‍ ഷോപ്പിംഗിനെത്തുമ്പോല്‍ കാഷ്വല്‍ റീട്ടെയില്‍ തൊഴിലാളികള്‍ അനിവാര്യമാണെന്നാണ് എആര്‍എ എക്‌സിക്യൂട്ടീവ് ഡയറക്ടറായ റസല്‍ സിമ്മെര്‍മാന്‍ പറയുന്നത്. എന്നാല്‍ വര്‍ക്കര്‍ യൂണിയനുകള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്‌ ചെയ്യുന്നത്. തങ്ങളുടെ തൊഴിലാളികളെ കാഷ്വലൈസ് ചെയ്യുന്നതിനായി തൊഴിലുടമകള്‍ക്ക് നിരവധി പഴുതുകളും ഇന്‍സെന്റീവ്‌സുകളുമുണ്ടെന്നാണ് എസിടിയു സെക്രട്ടറി സാല്ലി മാക് മാനുസ് ആരോപിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ തൊഴിലുടമകളുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇതൊരു പ്രശ്‌നമായി പോലും പരിഗണിക്കാന്‍ അവര്‍ തയ്യാറാവാത്തത് കടുത്ത നാണക്കേടാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com