Wednesday, 13 June 2018 13:01

ഓസ്‌ട്രേലിയയിൽ എല്ലാ സർക്കാർ സേവനങ്ങളും ഒറ്റ ലോഗിനിൽ ലഭ്യമാക്കാൻ പദ്ധതി

ഓസ്‌ട്രേലിയയിൽ എല്ലാവർക്കും സിംഗിൾ ഡിജിറ്റൽ ഐഡന്റിറ്റി ഉണ്ടാക്കാൻ ഫെഡറൽ സർക്കാർ പദ്ധതി ഇടുന്നു. ഓരോരുത്തർക്കും സിംഗിൾ ഐഡി ലഭ്യമാകുന്നതോടെ സർക്കാർ സേവനങ്ങൾ ഒറ്റ ലോഗിനിലൂടെ ലഭിക്കും.

മൈഗവ് ഐഡി (myGovID) എന്ന് പേരിട്ടിരിക്കുന്ന സിംഗിൾ ഡിജിറ്റൽ ഐഡന്റിറ്റി പദ്ധതി 2025 ൽ പൂർത്തിയാക്കാനാണ് ഫെഡറൽ സർക്കാരിന്റെ ശ്രമം. മൈഗവ് ഐഡി നടപ്പിലാകുന്നതോടെ എല്ലാ സർക്കാർ സേവനങ്ങളും ഒറ്റ ലോഗിനിൽ ലഭ്യമാകും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ആളുകളിലേക്ക്‌ എളുപ്പത്തിൽ സേവനങ്ങൾ എത്തിക്കാൻ സാധിക്കുമെന്ന് ഡിജിറ്റൽ സർവീസസ്‌ മന്ത്രി മൈക്കിൾ കീനൻ അറിയിച്ചു.

ഓസ്‌ട്രേലിയയെ ഡിജിറ്റൽ ലോകത്തിൽ മുൻപന്തിയിലെത്തിക്കാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മൈക്കിൾ കീനൻ പറഞ്ഞു.

ആദ്യഘട്ടത്തിൽ ഒരു ലക്ഷത്തോളം ആളുകൾക്ക് ഓൺലൈനായി റ്റാക്സ് ഫയൽ നമ്പറിന് (TFN ) അപേക്ഷിക്കാൻ സംവിധാനം ഒരുക്കും. പൂർണ്ണമായും ഓൺലൈൻ വഴി ചെയ്യുന്നത് കൊണ്ട് ഒറ്റ ദിവസം കൊണ്ട് അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് മൈക്കിൾ കീനൻ പറയുന്നു. നിലവിൽ ഇതിന് മാസങ്ങളോളം വേണ്ടിവരും.

2019 ൽ ഒരുലക്ഷത്തോളം ആളുകൾക്ക് അവരുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ (ഹെൽത്ത് റെക്കോർഡ്) മൈഗവ് ഐഡിയുപയോഗിച്ച് ഓൺലൈനിലൂടെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.