Thursday, 04 January 2018 15:12

ഓസ്‌ട്രേലിയയില്‍ പുരുഷവേശ്യകള്‍ക്കുള്ള ഡിമാന്റ് വര്‍ധിച്ച് വരുന്നു

മെൽബൺ: ഓസ്‌ട്രേലിയയില്‍ പുരുഷവേശ്യകള്‍ക്കുള്ള ഡിമാന്റ് വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഓസ്‌ട്രേലിയയിലെ 516 പുരുഷലൈംഗിക തൊഴിലാളികളില്‍ 25 ശതമാനം പേരും നിലവില്‍ സ്ത്രീകള്‍ക്കും ദമ്പതികള്‍ക്കും വേണ്ടി വേശ്യാവൃത്തി നടത്തുന്നുണ്ടെന്നാണ് ഒരു സര്‍വേ വെളിപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയ യുകെയ്ക്ക് പുറകിലാണ് നിലകൊള്ളുന്നത്. അതായത് യുകെയിലെ 5487 പുരുഷ വേശ്യകളില്‍ 50 ശതമാനം പേരാണ്‌ നിലവില്‍ സ്ത്രീകള്‍ക്കും ദമ്പതികള്‍ക്കും വേണ്ടി ജോലി ചെയ്യുന്നത്.

ക്യുയുടിയുടെ ക്രൈം ആന്‍ഡ് ജസ്റ്റിസ് റിസര്‍ച്ച് സെന്റര്‍, യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ ദി കിര്‍ബി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച സര്‍വേ നടത്തിയിരിക്കുന്നത്. 61 രാജ്യങ്ങളിലെ ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളെ അടിസ്ഥാനമാക്കിയാണീ സര്‍വേ നടത്തിയിരിക്കുന്നത്. ലോകമാകമാനമുള്ള 42 മില്യണ്‍ ലൈംഗിക തൊഴിലാളികളില്‍ 80ശതമാനവും സ്ത്രീകളാണ്. തിരിച്ചറിഞ്ഞിരിക്കുന്ന ഇത്തരം വെബ്‌സൈറ്റുകളില്‍ 57 ശതമാനവും പുരുഷന്‍മാര്‍ക്ക് മാത്രമേ സേവനം പ്രദാനം ചെയ്യുന്നുള്ളൂ.

എന്നാല്‍ 11 ശതമാനം വെബ്‌സൈറ്റുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. മറ്റൊരു 11 ശതമാനം വെബ്‌സൈറ്റുകള്‍ ദമ്പതിമാര്‍ക്ക് വേണ്ടിയുള്ളതുമാണ്. 72,106 മെയില്‍ എസ്‌കോര്‍ട്ടുകള്‍ക്ക് പുരുഷ കസ്റ്റമര്‍മാര്‍ മാത്രമേയുള്ളൂവെന്നും 32,948 എസ്‌കോര്‍ട്ടുകള്‍ക്ക് സ്ത്രീകളോ അല്ലെങ്കില്‍ ദമ്പതികളോ കസ്റ്റമര്‍മാരായുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതേ പോലുള്ള ഒരു സര്‍വേ 2012ല്‍ നടത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഓസ്‌ട്രേലിയയില്‍ മെയില്‍ ഇന്റര്‍നെറ്റ് എസ്‌കോര്‍ട്ടുകളുടെ എണ്ണം ഇരട്ടിച്ചിട്ടുണ്ടെന്നും സര്‍വേ വെളിപ്പെടുത്തുന്നു.