Friday, 22 June 2018 16:44

ഓസ്‌ട്രേലിയയില്‍ ഗാര്‍ഹിക പീഡനം നടത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധന

മെൽബൺ: ഓസ്‌ട്രേലിയയില്‍ ഗാര്‍ഹിക പീഡനം നടത്തുന്ന സ്ത്രീകളുടെ എണ്ണം പത്ത് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ വര്‍ധിച്ച് വരുന്നുവെന്ന് എന്‍എസ്ഡബ്ല്യൂ ബ്യൂറോ ഓഫ് ക്രൈം സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് റിസര്‍ച്ച് (ബിഒഎസ് സിഎആര്‍) കണക്കുകൾ. വര്‍ഷം തോറും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏതാണ്ട് അഞ്ച് ശതമാനം വര്‍ധനവുണ്ടാകുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതനുസരിച്ച് 2007ല്‍ എന്‍എസ്ഡബ്ല്യൂവില്‍ 15 ശതമാനം സ്ത്രീകളാണ് ഗാര്‍ഹിക പീഢന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.

എന്നാല്‍ 2016ല്‍ അത് 19 ശതമാനമായി കുതിച്ചുയര്‍ന്നിരിക്കുന്നുവെന്നാണ് എന്‍എസ്ഡബ്ല്യൂ ബിഒഎസ് സിഎആര്‍ വക്താവായ ജാക്കി ഫിറ്റ്‌സ്‌ഗെറാള്‍ഡ് വെളിപ്പെടുത്തുന്നത്. ഗാര്‍ഹിക പീഢനം നടത്തുന്ന പുരുഷന്മാരായ പ്രതികളുടെ എണ്ണത്തിലും വര്‍ധനവുണ്ടെങ്കിലും അതിന്റെ തോത് സ്ഥിരമാണ്. അതായത് ഇക്കാര്യത്തില്‍ സ്ത്രീ കുറ്റവാളികളുടെ തോത് കുതിച്ച് കയറുന്നത് പോലെ പുരുഷപ്രതികളുടെ തോത് ഉയരുന്നില്ലെന്ന് ചുരുക്കം. ചില അവസരത്തില്‍ ഇക്കാലത്തിനിടെ പുരുഷ പ്രതികളുടെ തോതില്‍ അല്‍പം ഇടിവും പ്രകടമായിരുന്നുവെന്നും ജാക്കി വെളിപ്പെടുത്തുന്നു.

ഗാര്‍ഹിക പീഢനം നടത്തുന്നത് പുരുഷന്‍മാരോ സ്ത്രീകളോ ആരുമാകട്ടെ അവര്‍ക്കെതിരെ കേസ് കൊടുക്കുന്നതും നിയമ നടപടികളെടുക്കുന്നതു ഇക്കാലത്ത് വര്‍ധിച്ചിട്ടുണ്ടെന്നും ജാക്കി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത്തരം കുറ്റകൃത്യങ്ങള്‍ പോലീസിനോട് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വളരെ വലിയ വര്‍ധനവ് പ്രകടമായിരുന്നില്ലെന്നും എന്നാല്‍ ഇത്തരം സംഭവങ്ങള്‍ കോടതിയിലെത്തുന്നത് പെരുകിയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.