Saturday, 23 December 2017 08:38

ഓസ്‌ട്രേലിയയില്‍ ക്രിസ്മസ് ഈവില്‍ താപനില 35 ഡിഗ്രിയാകും

മെൽബൺ: ഓസ്‌ട്രേലിയയില്‍ ഇപ്രാവശ്യത്തെ ക്രിസ്മസ് പതിവിലുമധികം ചൂടേറിയതായിരിക്കുമെന്ന് പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ മുന്നറിയിപ്പേകുന്നു. തെളിഞ്ഞ ക്രിസ്മസായിരിക്കും ഈ വര്‍ഷമെത്തുന്നത്. ഇന്ന് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നല്ല ചൂടുള്ളതും വെയില്‍ പരന്നതുമായ കാലാവസ്ഥയായിരുന്നു സംജാതമായിരുന്നത്. ഈ ഫെസ്റ്റിവ് വീക്കെന്‍ഡില്‍ മിക്ക തലസ്ഥാന നഗരങ്ങളിലും ചൂടേറിയതും വരണ്ടതുമായ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുകയെന്നാണ് പ്രവചനം.

ഇന്ന് തലസ്ഥാന നഗരങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസ് താപനിലയുമായി ഹോബര്‍ട്ടാണ് മുന്‍പന്തിയില്‍ നിന്നിരുന്നത്. ക്രിസ്മസ് ഈവ് അടുത്ത കാലത്തൊന്നുമുണ്ടാകാത്ത വിധത്തില്‍ ചൂടുള്ളതായിരിക്കും. അന്നേ ദിവസം താപനില 35 ഡിഗ്രി വരെ ഉയര്‍ന്നേക്കും. എന്നാല്‍ പെന്റിത്ത് പോലുള്ള പടിഞ്ഞാറന്‍ സിഡ്‌നിയിലെ സബര്‍ബുകളില്‍ ഈ അവസരത്തില്‍ 41 ഡിഗ്രി വരെ ചൂടുയര്‍ന്നേക്കാം. ക്രിസ്മസ് ഈവില്‍ ക്യൂന്‍സ്ലാന്‍ഡിന്റെ മിക്ക ഭാഗങ്ങളിലും ചൂട് കുതിച്ചുയരും.

ഈ അവസരത്തില്‍ ബ്രിസ്ബാനില്‍ താപനില 32 ഡിഗ്രിയാകും. എന്നാല്‍ പെര്‍ത്തിലാകട്ടെ അത് 33 ഡിഗ്രിയായിരിക്കും. അഡലെയ്ഡില്‍ താരതമ്യേന പ്രസന്നമായ കാലാവസ്ഥായിരിക്കും. ഇവിടെ 29 ഡിഗ്രിയായിരിക്കും താപനില. ചെറിയ തോതില്‍ കാറ്റുകള്‍ അടിക്കുകയും ചെയ്യുന്നതായിരിക്കും. ഡാര്‍വിനില്‍ കടുത്ത വേനല്‍ക്കാറ്റുകള്‍ ഈ അവസരത്തില്‍ വീശിയടിക്കും. ഇവിടെ 32 ഡിഗ്രിയായിരിക്കും താപനില. മെല്‍ബണില്‍ 22 ഡിഗ്രി മാത്രമേ ചൂടുണ്ടാകൂ.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com