Thursday, 17 May 2018 23:52

ഓസ്‌ട്രേലിയയില്‍ കടുത്ത വൈദ്യുതി പ്രതിസന്ധി വന്നേക്കും

മെൽബൺ: ഓസ്‌ട്രേലിയയില്‍ കനത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന മുന്നറിയിപ്പ് ശക്തമാകുമെന്ന് ഗ്രാറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പേകുന്നു. ഇത് പരിഹരിക്കാന്‍ ഭരണകര്‍ത്താക്കള്‍ കടുത്ത നടപടിയെടുത്തില്ലെങ്കില്‍ വ്യാപകമായ പവര്‍ കട്ടും വൈദ്യുതി നിയന്ത്രണങ്ങളുമേര്‍പ്പെടുത്തേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. എനര്‍ജി അധികൃതര്‍ കൂടുതലായി ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കൈക്കൊണ്ടില്ലെങ്കില്‍ അടുത്ത സമ്മറില്‍ തന്നെ ഈ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.

ഇല്ലെങ്കില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സൗത്ത് ഓസ്‌ട്രേലിയയിലും വിക്ടോറിയയിലും ഉണ്ടായ പോലുള്ള വൈദ്യുതി ക്ഷാമം രാജ്യമാകമാനം നേരിടേണ്ടി വരുമെന്നാണ് ഗ്രാറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പേകുന്നത്. ടെലിവിഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഗ്രാറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എനര്‍ജി പ്രോഗ്രാം ഡയറക്ടറായ ടോണി വുഡ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിര പ്രതികരണവും പരിഹാരവുമുണ്ടായില്ലെങ്കില്‍ ഗാര്‍ഹിക ഉപഭോക്താക്കളും ബിസിനസുകാരും കനത്ത വൈദ്യതി ബില്‍ നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

ഇതിലൂടെ ഗവണ്‍മെന്റിന്റെ എമിഷന്‍ റിഡക്ഷന്‍ ടാര്‍ജറ്റുകള്‍ അപകടത്തിലാകുമെന്നും സൂചനയുണ്ട്. 2017ല്‍ സൗത്ത് ഓസ്‌ട്രേലിയയിലെ വൈദ്യുതിയുടെ പകുതിയിലധികവും കാറ്റില്‍ നിന്നാണ് ഉല്‍പാദിപ്പിക്കുന്നതെന്നും എന്നാല്‍ മറ്റ് സ്റ്റേറ്റുകളിലെ വൈദ്യുതിയുടെ 10 ശതമാനത്തില്‍ കുറവ് മാത്രമേ കാറ്റില്‍ നിന്നും സൗരോര്‍ജത്തില്‍ നിന്നും വരുന്നുള്ളുവെന്നും ഗ്രാറ്റന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നാഷണല്‍ എനര്‍ജി മാര്‍ക്കറ്റില്‍ പുതിയ നിയമങ്ങളിലൂടെ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും ഈ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.