Sunday, 17 December 2017 19:54

ഓസ്‌ട്രേലിയയില്‍ അവയവ വ്യാപാര ഗൂഢസംഘങ്ങള്‍ പെരുകുന്നു

മെൽബൺ: ഓസ്‌ട്രേലിയയില്‍ വന്‍ അവയവ വ്യാപാര ഗൂഡസംഘങ്ങള്‍ വിലസുന്നത് തുടരുന്നുവെന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു. അവയവങ്ങളുടെ കരിഞ്ചന്ത വ്യാപാരവും ശക്തമാണ്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നവരില്‍ നൂറ് ക്കിന് പേര്‍ ഇത്തരം അവയവങ്ങള്‍ കരിഞ്ചന്തയില്‍ വാങ്ങുന്നത് പതിവാകുകയാണ്. ഇത്തരം അവയവങ്ങള്‍ക്കുള്ള ഡിമാന്‍ഡ് അതിന്റെ ലഭ്യതയെ മറികടന്നതിനെ തുടര്‍ന്നാണ് ട്രാന്‍സ്പ്ലാന്റുകള്‍ക്കായി കാത്തിരിക്കുന്നവര്‍ കരിഞ്ചന്തയില്‍ പറയുന്ന വില കൊടുത്ത് അതിന് വേണ്ടിയുള്ള അവയവങ്ങള്‍ വാങ്ങാനാരംഭിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത രീതിയില്‍ അവയവങ്ങള്‍ കൊള്ള വിലയ്ക്ക് വാങ്ങുന്നവരുടെ ആരോഗ്യത്തിനും ജീവനും കടുത്ത ഭീഷണിയാണുയര്‍ന്നിരിക്കുന്നത്. ഇത്തരക്കാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രികളില്‍ തിരിച്ചെത്തുന്ന അവസ്ഥയാണുണ്ടാകുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ആഫ്റ്റര്‍ കെയര്‍ ബില്ലില്‍ ഓസ്‌ട്രേലിയന്‍ നികുതിദായകനില്‍ നിന്നും നല്ലൊരു തുക ചോര്‍ന്ന് പോകുന്നുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. ചില കേസുകളില്‍ ഇത്തരം ബില്ലുകള്‍ അഞ്ച് ലക്ഷം ഡോളറിനും മുകളില്‍ പോകാറുണ്ടെന്നും വ്യക്തമായിരിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് നടന്നിരിക്കുന്നത്. ഇത്തരം വ്യാപാരങ്ങളില്‍ കണ്ണികളായി വര്‍ത്തിക്കുന്ന ക്രിമിനലുകളുടെ ചിത്രങ്ങള്‍ ഇതിനെത്തുടര്‍ന്ന് പുറത്ത് വന്നിരുന്നു. കടം വീട്ടാന്‍ സാധിക്കാത്തവരില്‍ നിന്നും കടം കൊടുത്തവര്‍ വെറും 1000 ഡോളറിന് വരെ വൃക്കകള്‍ നിര്‍ബന്ധിതമായി ഓപ്പറേറ്റ് ചെയ്‌തെടുക്കുന്നുണ്ടെന്ന് വരെ തെളിഞ്ഞിട്ടുണ്ട്. ഇതില്‍ ഭാഗഭാക്കാകുന്ന ഡോക്ടര്‍മാര്‍ ഓരോ ട്രാന്‍സ്പ്ലാന്റിനും രണ്ടര ലക്ഷം ഡോളര്‍ വരെ പ്രതിഫലമായി ഈടാക്കുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ അനസ്‌തെറ്റിസ്റ്റുകള്‍, നഴ്‌സുമാര്‍, ബ്യൂറോക്രാറ്റുകള്‍ തുടങ്ങിയവര്‍ക്കും ഇതിന്റെ കമ്മീഷന്‍ ലഭിക്കാറുണ്ട്.

മരണശിക്ഷയ്ക്ക് വിധേയരാക്കുന്ന തടവ് പുള്ളികളുടെ വൃക്കകള്‍, ലിവര്‍ തുടങ്ങിയവ കരസ്ഥമാക്കാനായി ചൈനയിലെ ഡോക്ടര്‍മാര്‍ ഓസ്‌ട്രേലിയയില്‍ സജീവമായി രംഗത്തുണ്ടെന്ന് ഇതിലൂടെ വ്യക്തമായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന കിഡ്‌നിക്കായി 85,000 ഡോളര്‍, ലിവറിനായി 160,000 ഡോളര്‍, ഹൃദയത്തിനായി 190,000 ഡോളര്‍ എന്നിങ്ങനെ നല്‍കാറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന വ്യക്തിയില്‍ നിന്നും അവയവങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യവും ഓസ്‌ട്രേലിയയില്‍ നിലനില്‍ക്കുന്നുണ്ട്.