Wednesday, 06 December 2017 09:26

ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥ കഴിഞ്ഞ വര്‍ഷം 2.8 ശതമാനവും സെപ്തംബര്‍ ക്വാര്‍ട്ടറില്‍ 0.6 ശതമാനവും വളര്‍ന്നു

മെല്‍ബണ്‍: കഴിഞ്ഞ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥ 0.6 ശതമാനവും കഴിഞ്ഞ വര്‍ഷം 2.8 ശതമാനവും വളര്‍ച്ച പ്രാപിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് മെച്ചപ്പെട്ട ഒരു ഫലമാണെങ്കിലും പ്രതീക്ഷിച്ചത്ര വളര്‍ച്ച പ്രകടിപ്പിച്ചിട്ടില്ല. റോയിട്ടര്‍ നടത്തിയ സര്‍വേ പ്രകാരം സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ 0.7 ശതമാനം വളര്‍ച്ചയുണ്ടാവുമെന്നായിരുന്നു വിവിധ സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ പ്രവചിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം വളര്‍ച്ചയുണ്ടാകുമെന്നുമായിരുന്നു പ്രവചനം. എന്നാല്‍ ഉപഭോക്താക്കളുടെ ദൗര്‍ബല്യം സമ്പദ് വ്യവസ്ഥയിലെ ശുഭപ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചു.

കഴിഞ്ഞ ക്വാര്‍ട്ടറിലെ സമ്പദ് വളര്‍ച്ചയെ നിയന്ത്രിച്ചിരുന്നത് പൊതുമേഖലയും സ്വകാര്യ മേഖലയും ഒന്ന് ചേര്‍ന്നായിരുന്നു. സ്വകാര്യ ബിസിനസ് നിക്ഷേപവും പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിലും ഉണ്ടായ വര്‍ധിച്ച പ്രവൃത്തികള്‍ കഴിഞ്ഞ ക്വാര്‍ട്ടറില്‍ മോശമല്ലാത്ത സാമ്പത്തിക വളര്‍ച്ചയുണ്ടാക്കിയെന്നാണ് എബിഎസ് ചീഫ് എക്കണോമിസ്റ്റായ ബ്രൂസ് ഹോക്ക്മാന്‍ പറയുന്നത്. നോണ്‍ഡ്വല്ലിംഗ് കണ്‍സ്ട്രക്ഷന്‍ 0.9 ശതമാനം വളര്‍ച്ചയാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്.

എന്നാല്‍ റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗ് മേഖലയില്‍ 0.1 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ക്വാര്‍ട്ടറിലെ വളര്‍ച്ചയുടെ മുഖ്യ ഘടകമായി വര്‍ധിച്ച നിക്ഷേപം വര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പൊതു മേഖലയിലെ നിക്ഷേപം ശക്തമായിരുന്നുവെന്നാണ് ട്രഷറര്‍ സ്‌കോട്ട് മോറിസന്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം പുതിയ പൊതുമേഖലാ നിക്ഷേപത്തില്‍ 12.6 ശതമാനമായിരുന്നു വളര്‍ച്ചയുണ്ടായിരുന്നത്.

പ്രതിരോധത്തിന് വേണ്ടിയുള്ള നിക്ഷേപത്തില്‍ 31 ശതമാനം വര്‍ധനവുണ്ടായിരുന്നുവെന്ന് മോറിസന്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ 1.2 ശതമാനം വളര്‍ച്ചയുണ്ടായിരുന്നു. മൊത്തം ജിഡിപിയില്‍ മെച്ചപ്പെടലില്‍ 0.6 ശതമാനം വളര്‍ച്ച പ്രകടമായി.

© 2017. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com