Tuesday, 05 December 2017 16:29

സ്നേഹപൂർവ്വം മഞ്ജു വാര്യർ ഷോയുടെ ടിക്കറ്റ് വിൽപന ഉദ്ഘാടനം ഡിസംബർ 7 ന്

ബ്രിസ്ബേൻ ∙ മലയാളി അസോസിയേഷൻ ഓഫ് ക്യൂൻസ് ലാൻഡും മാജിക് മൂൺ എന്റർടൈൻമെന്റ്സും മലയാളം ഇവന്റ്സ് ഓസ്ട്രേലിയായും സംയുക്തമായി നടത്തുന്ന സ്നേഹപൂർവ്വം എന്ന മെഗാ ഷോയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം ഡിസംബർ 7 വ്യാഴാഴ്ച വൈകിട്ട് 7 ന് ഇപ്സിവിച്ച് റോഡിലുള്ള ഡിലൈറ്റ്സ് ഓഫ് പാരസൈഡ് റസ്റ്റോറന്റിൽ നടക്കും. പ്രസ്തുത ചടങ്ങിൽ ബ്രിസ്ബേൻ സിറ്റി കൗൺസിൽ മെംബർ ജോനാഥൻ മുഖ്യാതിഥിയായിരിക്കും. ബ്രിസ്ബേനിലെ എല്ലാ കലാ സ്നേഹികളെയും പ്രത്യേകിച്ച് മലയാള സിനിമയിലെ സ്ത്രീത്വത്തിന്റെ പ്രതീകമായ മഞ്ജു വാര്യരുടെ ആരാധകരെയും പ്രത്യേകം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ബ്രിസ്ബേനിലെ ഏറ്റവും പഴക്കമുള്ള മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ക്യൂൻസ് ലാൻഡും മുൻ കാലങ്ങളിൽ വിജയകരമായി നിരവധി ഷോകൾ സംഘടിപ്പിച്ച മാജിക് മൂൺ എന്റർടൈൻമെന്റ്സും, മലയാളം ഇവന്റസ് ഒരുമിച്ച് ചേരുന്നു എന്ന പ്രത്യേകതയുമായി എത്തുന്ന സ്നേഹപൂർവ്വം ഷോയ്ക്ക് അഭൂതപൂർവ്വമായ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിയ്ക്കുന്നത്. 2018 മേയ് 6ഞായറാഴ്ചയാണ് ബ്രിസ്ബേനിൽ പരിപാടി നടത്തുന്നത് (Edmund Rice Performing Arts Centre, 82 Stephen's Road, South Brisbane).

കുടുംബപ്രേക്ഷകരുടെ ഇഷ്ടനായിക മഞ്ജു വാര്യരോടൊപ്പം, മാന്ത്രിക സ്പർശം കൊണ്ട് വയലിനിൽ മായാജാലം തീർക്കുന്ന ബാലഭാസ്കർ, തമിഴ് പിന്നണി ഗാന രംഗത്ത് അതുല്യ വിസ്മയം തീർത്ത് നരേഷ് അയ്യർ, ZES ടിവിയിലെ സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റിയ വൈഷ്ണവ് ഗിരീഷ്, ഇരട്ട ശബ്ദത്തിൽ പാടുന്ന പുതുതലമുറയുടെ ഇഷ്ട ഗായിക ലക്ഷ്മി ജയൻ എന്നിവരോടൊപ്പം മലയാളികളുടെ പ്രിയ ഗായകരായ മധുബാല കൃഷ്ണനും, മഞ്ജരിയും ചേരുമ്പോൾ ബ്രിസ്ബേനിലെ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരതുല്യ കലാസൃഷ്ടിയാണ്.

ഷോയുടെ ഓൺലൈൻ ടിക്കറ്റുകൾ ഡിസംബർ 9ന് അർധരാത്രി 12 മുതൽ www.magicmoon.com.au എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.

ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടന ദിവസം വൈകിട്ട് 8 മണി മുതൽ 9 മണി വരെ ടിക്കറ്റ് കൗണ്ടർ തുറന്നു പ്രവർത്തിക്കുന്നതാണ്. അന്നേ ദിവസത്തെ ബുക്കിംഗ് പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മാത്രമായിരിക്കുമെന്ന് സംഘാടകർ അറിയിക്കുന്നു.