Thursday, 23 November 2017 14:16

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയ്ക്ക് മെല്‍ബണ്‍ സെന്‍റ് തോമസ്‌ ഇടവക സ്വീകരണം നൽകി

മെല്‍ബൺ: പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിനായി ഓസ്ട്രേലിയയില്‍ എത്തിയ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍, പരിശുദ്ധ പത്രോസിന്റെ ശ്ലൈഹീക സിംഹാസനത്തിന്മേല്‍ ആരൂഢനായിരിക്കുന്ന മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് അപ്രേം പാത്രിയര്‍ക്കീസ് ബാവയ്ക്ക് മെല്‍ബണ്‍ സെന്‍റ് തോമസ്‌ യാക്കോബായ ഇടവകയുടെ ആഭിമുഖ്യത്തില്‍ ക്രെഗിബെന്‍ പള്ളിയില്‍ സ്വീകരണം നല്‍കി.

പള്ളിയങ്കണത്തില്‍ എത്തിയ പരിശുദ്ധ ബാവയെയും മെത്രാപ്പോലീത്തമാരെയും വാദ്യമേളങ്ങളുടെയും പ്രാര്‍ഥനാഗീതങ്ങളുടെയും അകമ്പടിയോടെ വികാരി ഫാ. എല്‍ദോ വലിയപറമ്പിലിന്റെ നേതൃത്വത്തില്‍ പള്ളിയിലേക്ക് സ്വീകരിച്ചാനയിച്ചു. തുടര്‍ന്നു ചേര്‍ന്ന സമ്മേളനം പരിശുദ്ധ ബാവയും ഇറാഖ് ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ് സലീബ ശമാവൂന്‍, ഓസ്ട്രേലിയ- ന്യൂസീലാൻഡ് ആര്‍ച്ച്‌ ബിഷപ്പ് മാര്‍ മലാത്തിയുസ് മല്കി എന്നിവരും ചേര്‍ന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പരിശുദ്ധ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി.

ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടത്തി. സിറിയന്‍ റിലീഫ് ഫണ്ടിലേക്കുള്ള ഇടവകയുടെ സഹായധനം സെക്രട്ടറി സനില്‍ ജേക്കബ്‌, ട്രസ്റ്റി ജോബി എബ്രഹാം എന്നിവര്‍ ചേര്‍ന്ന് ബാവയ്ക്ക് സമര്‍പ്പിച്ചു. ഇടവക കമ്മിറ്റി അംഗങ്ങള്‍ ബാവയ്ക്ക് ഉപഹാര സമര്‍പ്പണം നടത്തി. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.