Tuesday, 02 January 2018 09:01

ജീവകാരുണ്യപ്രവർത്തനം സംസ്കാരത്തിന്റെ ഭാഗമാകണം: കോടിയേരി

ജീവകാരുണ്യ പ്രവർത്തനം രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ഇ.കെ നയനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ 'പേഷ്യന്റ് ട്രാൻസ്പോർട് വെഹിക്കിളി'ന്റെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷിഭേദമന്യേ എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും ലക്ഷ്യം മനുഷ്യനന്മയായിരിക്കണം. പൊതുജനങ്ങൾ അവരുടെ വരുമാനത്തിന്റെ ചെറിയ ഒരു പങ്കും ഒഴിവുസമയങ്ങളിൽ നിന്നും അല്പനേരവും ഇതിനായി മാറ്റിവെക്കണം. അർബുദം പോലുള്ള രോഗങ്ങൾ മൂലം ഒറ്റപ്പെടുന്നവരെ സമാശ്വസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആതുര സേവനരംഗത്ത് കാരുണ്യ പ്രവർത്തികൾ ചെയ്യാൻ മനസ്സുണ്ടെങ്കിൽ പണം അതിനൊരു തടസമാകില്ലെന്ന് ഇന്ത്യൻ മലയാളിയുടെ എഡിറ്റർ തിരുവല്ലം ഭാസി പറഞ്ഞു.വിദേശരാജ്യങ്ങളിലെ മാതൃകയിൽ, അവശതകൾ അനുഭവിക്കുന്ന രോഗികളെ വീടുകളിൽ നിന്നും ആശുപത്രിയിലേക്കും, ശസ്ത്രക്രിയകൾ, കീമോതെറാപ്പി എന്നിവ കഴിഞ്ഞ രോഗികളെ വീടുകളിലേക്കും എത്തിക്കുന്നതിനുമാണ് പേഷ്യന്റ് ട്രാൻസ്പോർട് വെഹിക്കിൾ. ഓസ്ട്രേലിയയിൽ പ്രചാരമുള്ള മലയാളപത്രമായ, 'ഇന്ത്യൻ മലയാളി' ആണ് വാഹനം സംഭാവന ചെയ്തത്. ആർ.സി.സി, മെഡിക്കൽ കോളേജ്, ശ്രീ ചിത്ര എന്നിവിടങ്ങളിൽ ചികിത്സക്ക് എത്തുന്ന നിർധന രോഗികൾക്ക് വാഹനത്തിന്റെ സേവനം ലഭിക്കും.

ഇ.കെ നയനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റീ ആനാവൂർ നാഗപ്പന് കോടിയേരി ബാലകൃഷ്ണൻ താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ശേഷം വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ട്രസ്റ്റിന്റെ ചെയർമാൻ എം. വിജയകുമാർ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ. ആർ. അശോക്, ഇന്ത്യൻ മലയാളിയുടെ എഡിറ്റർ തിരുവല്ലം ഭാസി, ട്രസ്റ്റീ ജി. അജയകുമാർ, കോർഡിനേറ്റർ ഡി.ആർ അനിൽ എന്നിവർ സംസാരിച്ചു.

ഇതേക്കുറിച്ച് ഇന്ത്യന്‍ മലയാളി എഡിറ്റര്‍ തിരുവല്ലം ഭാസി SBS മലയാളത്തോട് വിശദീകരിക്കുന്നത് കേള്‍ക്കാം.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com