Saturday, 16 June 2018 11:08

കുമ്പസാര രഹസ്യം പോലീസിലറിയിക്കണമെന്ന നിയമം പാലിക്കില്ലെന്ന് SA കത്തോലിക്കാ സഭ

കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങളെക്കുറിച്ച് കുമ്പസാരം കേൾക്കുന്ന വൈദികർ പൊലീസിൽ അറിയിക്കണമെന്ന നിയമം നടപ്പിലാക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ നിയമം പാലിക്കാൻ കഴിയില്ലെന്ന് സൗത്ത് ഓസ്‌ട്രേലിയൻ കത്തോലിക്കാ സഭ അറിയിച്ചു.

പുതിയ നിയമം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് വെള്ളിയാഴ്ചയാണ് സർക്കാർ അറിയിച്ചത്. നിയമം നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെയാണ് ഇത് പാലിക്കാൻ കഴിയില്ലെന്ന പ്രസ്താവനയുമായി സൗത്ത് ഓസ്ട്രലിയൻ കത്തോലിക്കാ സഭ രംഗത്തെത്തിയത്.

രാഷ്ട്രീയകാർക്ക് നിയമത്തിൽ ഭേദഗതി വരുത്താം എന്നാൽ പരിപാവനമായി കണക്കാക്കുന്ന കുമ്പസാരമെന്ന പാപമോചനത്തിന്റെ കൂദാശയുടെ സ്വഭാവം മാറ്റാൻ സഭക്ക് സാധിക്കില്ലെന്ന് ബിഷപ്പ് ഗ്രെഗ് ഒ കെല്ലി എ ബി സി റേഡിയോയോട് പറഞ്ഞു. പുതിയ നിയമം തങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല, കാനോൻ നിയമ പ്രകാരം കുമ്പസാരം കേൾക്കുന്ന വൈദികന് പാപം ഏറ്റുപറയുന്ന വ്യക്തിയെ വഞ്ചിക്കാൻ അവകാശമില്ലെന്നും ബിഷപ്പ് പറഞ്ഞു.

എല്ലാ വൈദികർക്കും അറിവുള്ളതുപോലെ കുമ്പസാര രഹസ്യം പരസ്യമാക്കിയാൽ സഭയിൽ നിന്ന് പുറത്താക്കപ്പെടുമെന്നും, കുമ്പസാരം കേൾക്കാനിടയാകുന്ന ആളുകളും അത് രഹസ്യമായി തന്നെ വയ്ക്കണമെന്നുമാണ് നിയമം അനുശാസിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിടുമെന്നും നിയമ നടപടികളുമായി മുൻപോട്ടു പോകുമെന്നും അറിയിച്ചുകൊണ്ട് അറ്റോണി ജനറലിന്റെ വക്താവ് പ്രസ്താവനയിറക്കി.