Wednesday, 10 January 2018 14:36

എച്ച് 1 ബി വീസ നയം മാറ്റില്ലെന്ന് ട്രംപ് സര്‍ക്കാര്‍; ഇന്ത്യന്‍ ടെക്കികള്‍ക്ക് ആശ്വാസം

വാഷിങ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള ടെക്കികളടക്കമുള്ളവര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് എച്ച് 1 ബി വീസ നയം മാറ്റില്ലെന്ന് ട്രംപ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇനി വീസ പുതുക്കി നല്‍കില്ലെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്നില്ലെന്ന് അമേരിക്ക വ്യക്തമാക്കിയത്.

കുടിയേറ്റ സേവന വിഭാഗം മാധ്യമ വക്താവ് ജൊനാഥന്‍ വിതിങ്ടണാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. ”എച്ച് 1 ബി വീസയുള്ളവര്‍ക്ക് അമേരിക്ക വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന തരത്തില്‍ അമേരിക്കന്‍ പൗരത്വ നിയമത്തില്‍ മാറ്റം വരുത്താന്‍ ഞങ്ങള്‍ ആലോചിചിട്ടില്ല”, വിതിങ്ടണ്‍ പറഞ്ഞു.

വിസ കാലാവധി അവസാനിച്ചശേഷം ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ രാജ്യം വിടുന്ന തരത്തില്‍ തദ്ദേശീയര്‍ക്ക് പ്രാധാന്യം നല്‍കിയുള്ള നയരൂപീകരണത്തിനാണ് ട്രംപ് ഭരണകൂടം ശ്രമിച്ചത്. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നു നടപടി. എന്നാല്‍ തത്കാലം ഈ നടപടിയില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യക്കാരായ ടെക്കികള്‍ക്ക് വലിയ ആശ്വാസമായി ഇത്.

മൂന്നുവര്‍ഷമാണ് എച്ച് 1 ബി വിസയുടെ കാലാവധി. ഇത് മൂന്നുവര്‍ഷം കൂടി നീട്ടിക്കിട്ടും. ഇതിനുശേഷം അമേരിക്കന്‍ പൗരത്വമായ ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതുവരെ അമേരിക്കയില്‍ തുടരുകയും ചെയ്യാമെന്ന് ജൊനാഥന്‍ വിതിങ്ടണ്‍ പറഞ്ഞു.

പുതിയ പ്രഖ്യാപനം എച്ച് വണ്‍ ബി വിസക്കാരുടെ സംഘടനയായ ഇമിഗ്രേഷന്‍ വോയ്‌സ് സ്വാഗതം ചെയ്തു. അടുത്ത് തന്നെ കാലാവധി അവസാനിക്കുന്ന പത്ത് ലക്ഷത്തോളം ഇന്ത്യക്കാരായ എച്ച് 1 ബി വിസ ഉടമകള്‍ അമേരിക്കയിലുണ്ട്. എച്ച് 1 ബി താത്കാലിക വിസാ നിയമം കര്‍ശനമാക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായും ഇതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നും ആശങ്ക ഉയര്‍ന്നിരുന്നു. ഇവര്‍ക്കാണ് ഇപ്പോള്‍ ആശ്വാസം ലഭിച്ചിരിക്കുന്നത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com